Thursday, April 26, 2007

അമ്മയുടെ മുടിയും ആമിര്‍ഖാന്റെ മീശയും :)

ഞാന്‍ ഈ മുടി വെട്ടിച്ച്‌ നീളം കുറയ്ക്കാന്‍ പോകുവാ....
ഉത്തരമൊന്നും വന്നില്ല അതിനര്‍ത്ഥം വര്‍ഷമെത്ര കഴിഞ്ഞെങ്കിലെന്താ ഇപ്പോഴും നിന്റെ നീളന്‍ മുടി തന്നെയാണ്‌ എനിയ്ക്ക്‌ ഇഷ്ടം എന്ന് തന്നെ! അതോ അതിപ്പൊ കുറയ്ക്കാനും വേണ്ടി നീളം എവിടെ ഇരിയ്ക്കുന്നു എന്നാണോ!

എത്ര മുടിയാ ഇപ്പൊ ഒന്നു ചീകുമ്പോഴേയ്ക്കും കൊഴിയുന്നേന്ന് അറിയോ?....ഇക്കണക്കിന്‌ പോയാ പൂച്ചവാല്‍ പോലെയാകും ഉടനേ (പണ്ടേ എന്റെ മുടി വെട്ടുന്നതിനോട്‌ വിരോധമുള്ളയാള്‍ക്ക്‌ അത്‌ കേട്ടെങ്കിലും ഇത്തിരി മനസ്സ്‌ മാറുമെന്ന് പ്രതീക്ഷിച്ച്‌ ഞാന്‍ ഉത്തരത്തിന്‌ കാതോര്‍ത്തു)

അത്‌ കേട്ടൊന്ന് പുഞ്ചിരിച്ചുന്നുള്ളത്‌ ഉറപ്പ്‌..ഇരുട്ടത്ത്‌ കാണാന്‍ കഴിയില്ലെങ്കിലും എനിയ്ക്കറിയില്ലേ ആ മുഖത്തെന്തായിരിയ്ക്കും ഭാവം ന്ന്. പക്ഷേ ആ പുഞ്ചിരിയുടെ അര്‍ത്ഥം സമ്മതിച്ചു എന്നാണോ അതോ ഞാന്‍ ഇതെത്ര കേട്ടിരിയ്ക്കുന്നെന്റെ ഭാര്യേന്നാണൊ?

വെട്ടട്ടേ?

അമ്മ വെട്ടിയ്ക്കൊ...മുടിയും വെട്ടീട്ട്‌ അമ്മ ആ വെട്ടിയ മുടിന്ന് ഒരു മീശേം കൂടി ഫിറ്റ്‌ ചെയ്യ്‌...അമ്മ ആമിര്‍ഖാനെ പോലെയാകും....നല്ല രസമായിരിയ്ക്കും
അശരീരി പോലെ പ്രതീക്ഷിയ്ക്കാത്ത ഒരു സ്വരം ഉയര്‍ന്നു!!! അത്‌ കേട്ട്‌ തൊട്ടടുത്തുന്ന് ഒരു പൊട്ടിച്ചിരിയും.....

എനിയ്ക്ക്‌ ഉത്തരം കിട്ടി ഇനിപ്പൊ സമാധാനമായി ഉറങ്ങാല്ലോ :)

Tuesday, April 24, 2007

അവര്‍ ഭാഗ്യവാന്മാര്‍....

കണക്കുകളും കുറ്റപ്പെടുത്തലുകളും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മുകളില്‍ കരിനിഴല്‍ വീഴ്ത്തുമ്പോള്‍......
തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഒരവസരം പോലും തരാതെ ബന്ധങ്ങള്‍ ഞെട്ടറ്റ്‌ വീഴുമ്പോള്‍...
മനസ്സ്‌ കേഴുന്നു ഒരിത്തിരി നന്മ്യ്ക്ക്‌ വേണ്ടി...
ഇന്നലെകളിലെ സ്നേഹത്തിന്‌ വേണ്ടി...
എന്നെ ഞാനാക്കിയ ബന്ധങ്ങള്‍ക്ക്‌ വേണ്ടി....
അനാഥരോട്‌ എനിയ്കിന്ന് അസൂയ തോന്നുന്നു, അവര്‍ ഭാഗ്യവാന്മാര്‍...അവര്‍ക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ...ബന്ധങ്ങളും സ്നേഹവും ഒന്നും!!

Thursday, April 12, 2007

കുഞ്ഞേ നീ ഉറങ്ങൂ...

ആയമ്മ വന്ന്‌ കാളിംഗ്‌ ബെല്‍ മുഴക്കിയത്‌ അറിയാതെ....

ആദ്യം അച്ഛനും പിന്നാലെ അമ്മയും പൊന്നുമ്മ തന്ന്‌ ജോലിയ്ക്‌ പോയത്‌ അറിയാതെ...

സ്കൂള്‍ വണ്ടി വന്ന്‌ ഹോണ്‍ അടിച്ചപ്പോള്‍ പാല്‍ ഗ്ലാസ്സ്‌ പകുതിയാക്കി ഭാരിച്ച സ്കൂള്‍ ബാഗും ചുമന്ന്‌ ചേട്ടന്‍ പാഞ്ഞത്‌ അറിയാതെ...

പകുതിയാക്കിയ പാല്‍ക്കുപ്പിയും നെഞ്ചോട്‌ ചേര്‍ത്ത്‌... കണ്മിഴികള്‍ പാതി പൂട്ടി ...മാലാഖമാരെ സ്വപ്നം കണ്ട്‌ പുഞ്ചിരി തൂകി നീ ഉറങ്ങുറങ്ങ്‌.......

Tuesday, April 10, 2007

മഴ

ആകാശത്തു കാര്‍മേഘങ്ങള്‍ കുസൃതി കാട്ടി തിക്കിത്തിരക്കുന്നു. ........
എപ്പോള്‍ വെണമെങ്ങിലും പൊട്ടിവീഴാവുന്ന ഒരു മുത്തുമാല കോര്‍ക്കുന്നു.....
കരുമാടിക്കുട്ടന്മാര്‍ ദുന്ദുഭി മുഴക്കുന്നു ........
കല്യാണിക്കുട്ടിയുടെ പാദസ്വരം തിളങ്ങുന്നു.........
കുപ്പിവളകള്‍ കിലുക്കി ഇളം തെന്നല്‍ വീശുന്നു ..........
മുത്താകെ ചിതറുമ്പോള്‍ മനമാകെ നനയുന്നു...........

Thursday, April 5, 2007

ചോദ്യചിഹ്നം

141 ...വാതിലിനു മുകളില്‍ പതിച്ചിരിയ്ക്കുന്ന ഡിസ്‌പ്ലേ യൂനിറ്റില്‍ അക്കങ്ങള്‍ മാറിമറിഞ്ഞു....ഇനി 2 നമ്പര്‍ കൂടി ..അഖില വാച്ചിലെയ്ക്കു നോക്കി...11:30 ...അമ്മേ..
എന്താ അപ്പു?
എനിക്കൊരു പൈസ തരുമോ? എനിക്കു വെള്ളം വേണം...കോരിഡോറിലെ മിഷ്യന്‍ ചൂണ്ടി അപ്പു അഖിലയുടെ കണ്ണിലേയ്ക്കു നോക്കി...അപ്പുവിനെല്ലാം 'ഒരു പൈസയാണ്‌' 100 ഫില്‍സ്‌ ആയാലും ഒരു ദിനാര്‍ ആയാലും ഒക്കെ....
വെള്ളം വേണമെന്ന് പറഞ്ഞ്‌ പോയി പെപ്സി എടുയ്ക്കാനല്ലേ?. അമ്മേടെ കയ്യില്‍ ചില്ലറ പൈസ ഇല്ല അപ്പൂ ...
കള്ളം ...ഞാന്‍ കൂട്ടില്ല അമ്മേനോടു....അമ്മ ബാഗിലു നോക്കിയേ..അപ്പു ബാഗില്‍ പിടിച്ചു വലിച്ചു....
ഈ അപ്പൂനെ കൊണ്ട്‌ തോറ്റു...ഞാന്‍ പറഞ്ഞതല്ലേ വീട്ടില്‍ നിന്നാ മതീന്നു...
144.. .ദേ അമ്മേടെ നമ്പര്‍ ആയി അപ്പു വേഗം വന്നേ .അഖില അപ്പൂന്റെ കയ്യില്‍ പിടിച്ച്‌ ധ്രിതിയില്‍ ഉള്ളിലേയ്ക്ക്‌ നടന്നു....
വാട്ട്‌ സ്‌ ദ ബ്രോബ്ലം? ഈജിപ്ഷ്യന്‍ ഡോക്റ്റര്‍ മുന്നിലെ മോനിറ്റരില്‍ നോക്കി ഒരു ചടങ്ങിനു വെണ്ടിയെന്നോണം ചോദിച്ചു...
ഇറ്റ്‌ സ്‌ പൈനിംഗ്‌....അഖില താടിയില്‍ തൊട്ടു കാണിച്ചു.
വാത്ത്‌ ഹാപ്പെന്ത്‌? അയാള്‍ തൊട്ടു നോക്കി...ആഹ്‌...അഖില വേദന കടിച്ചമര്‍ത്തി....
ഫെല്‍ ഡൗണ്‍... ഇന്‍ ബാത്‌റൂം...
അപ്പുവിന്റെ കണ്ണിലെ ചൊദ്യചിഹ്ന്ത്തെ അഖില കണ്ടില്ലെന്ന് നടിച്ചു...
ഗോ ഏന്‍ ദു എക്സറേ...അഖില ഡോക്റ്റര്‍ കുത്തിക്കുറിച്ച പേപ്പറും വാങ്ങി അപ്പുവിനൊപ്പം പുറത്തേക്ക്‌ നടന്നു.
അമ്മേ...
എന്താപ്പൂ?
അമ്മേ ദൈവം ശിക്ഷിക്കും.. അമ്മയെന്തിനാ കള്ളം പറഞ്ഞേ...അമ്മേനെ അച്ഛനല്ലേ തല്ലിയേ? പിന്നെന്തിനാ അമ്മ ഡോക്റ്ററോട്‌ 'ഫെല്‍ ഡൗണ്‍ ഇന്‍ ബാത്‌റൂം' ന്നു പറഞ്ഞേ?
അഖില ഒരു നിമിഷത്തേക്കു പകച്ചു അവന്റെ മുഖത്തേക്കു നോക്കി ...അപ്പുവിനു വെള്ളം വേണ്ടേ? വാ അമ്മ പൈസ തരാം ....
അപ്പുവിന്റെ കണ്ണുകളിലെ ചോദ്യചിഹ്നം മാഞ്ഞു പോകുന്നതു അഖില കണ്ണീരിനിടയിലൂടെ കണ്ടു.