Thursday, April 5, 2007

ചോദ്യചിഹ്നം

141 ...വാതിലിനു മുകളില്‍ പതിച്ചിരിയ്ക്കുന്ന ഡിസ്‌പ്ലേ യൂനിറ്റില്‍ അക്കങ്ങള്‍ മാറിമറിഞ്ഞു....ഇനി 2 നമ്പര്‍ കൂടി ..അഖില വാച്ചിലെയ്ക്കു നോക്കി...11:30 ...അമ്മേ..
എന്താ അപ്പു?
എനിക്കൊരു പൈസ തരുമോ? എനിക്കു വെള്ളം വേണം...കോരിഡോറിലെ മിഷ്യന്‍ ചൂണ്ടി അപ്പു അഖിലയുടെ കണ്ണിലേയ്ക്കു നോക്കി...അപ്പുവിനെല്ലാം 'ഒരു പൈസയാണ്‌' 100 ഫില്‍സ്‌ ആയാലും ഒരു ദിനാര്‍ ആയാലും ഒക്കെ....
വെള്ളം വേണമെന്ന് പറഞ്ഞ്‌ പോയി പെപ്സി എടുയ്ക്കാനല്ലേ?. അമ്മേടെ കയ്യില്‍ ചില്ലറ പൈസ ഇല്ല അപ്പൂ ...
കള്ളം ...ഞാന്‍ കൂട്ടില്ല അമ്മേനോടു....അമ്മ ബാഗിലു നോക്കിയേ..അപ്പു ബാഗില്‍ പിടിച്ചു വലിച്ചു....
ഈ അപ്പൂനെ കൊണ്ട്‌ തോറ്റു...ഞാന്‍ പറഞ്ഞതല്ലേ വീട്ടില്‍ നിന്നാ മതീന്നു...
144.. .ദേ അമ്മേടെ നമ്പര്‍ ആയി അപ്പു വേഗം വന്നേ .അഖില അപ്പൂന്റെ കയ്യില്‍ പിടിച്ച്‌ ധ്രിതിയില്‍ ഉള്ളിലേയ്ക്ക്‌ നടന്നു....
വാട്ട്‌ സ്‌ ദ ബ്രോബ്ലം? ഈജിപ്ഷ്യന്‍ ഡോക്റ്റര്‍ മുന്നിലെ മോനിറ്റരില്‍ നോക്കി ഒരു ചടങ്ങിനു വെണ്ടിയെന്നോണം ചോദിച്ചു...
ഇറ്റ്‌ സ്‌ പൈനിംഗ്‌....അഖില താടിയില്‍ തൊട്ടു കാണിച്ചു.
വാത്ത്‌ ഹാപ്പെന്ത്‌? അയാള്‍ തൊട്ടു നോക്കി...ആഹ്‌...അഖില വേദന കടിച്ചമര്‍ത്തി....
ഫെല്‍ ഡൗണ്‍... ഇന്‍ ബാത്‌റൂം...
അപ്പുവിന്റെ കണ്ണിലെ ചൊദ്യചിഹ്ന്ത്തെ അഖില കണ്ടില്ലെന്ന് നടിച്ചു...
ഗോ ഏന്‍ ദു എക്സറേ...അഖില ഡോക്റ്റര്‍ കുത്തിക്കുറിച്ച പേപ്പറും വാങ്ങി അപ്പുവിനൊപ്പം പുറത്തേക്ക്‌ നടന്നു.
അമ്മേ...
എന്താപ്പൂ?
അമ്മേ ദൈവം ശിക്ഷിക്കും.. അമ്മയെന്തിനാ കള്ളം പറഞ്ഞേ...അമ്മേനെ അച്ഛനല്ലേ തല്ലിയേ? പിന്നെന്തിനാ അമ്മ ഡോക്റ്ററോട്‌ 'ഫെല്‍ ഡൗണ്‍ ഇന്‍ ബാത്‌റൂം' ന്നു പറഞ്ഞേ?
അഖില ഒരു നിമിഷത്തേക്കു പകച്ചു അവന്റെ മുഖത്തേക്കു നോക്കി ...അപ്പുവിനു വെള്ളം വേണ്ടേ? വാ അമ്മ പൈസ തരാം ....
അപ്പുവിന്റെ കണ്ണുകളിലെ ചോദ്യചിഹ്നം മാഞ്ഞു പോകുന്നതു അഖില കണ്ണീരിനിടയിലൂടെ കണ്ടു.

23 comments:

Nimisha said...

അപ്പുവിന്റെ കണ്ണുകളിലെ ചോദ്യചിഹ്നം....

ഏറനാടന്‍ said...

ചോദ്യചിഹ്നത്തിലൊരു നിമിഷം നിന്നിട്ടൊരു തേങ്ങ നിവേദിക്കുന്നു.. "ഠേ.." (സുല്ലേ സോറി)

തറവാടി said...

:)

തറവാടി said...

എന്റെ സ്വാഗതം ഇവിടെ കിടക്കട്ടെ.

venu said...

നന്നായിട്ടുണ്ടു്.:)

ശ്രീ said...

കൊള്ളാം... :)

Sul | സുല്‍ said...

നിമിഷേ സ്വാഗതം ബൂലോകത്തേക്ക്

കഥ (കഥയായിരിക്കട്ടെ!) നന്നായിരിക്കുന്നു.

-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സ്വാഗതം.. അല്ലാ ആ തല്ല് എങ്ങിനെയാ സത്യമാവുന്നേ? താടിക്ക് എങ്ങിനാ തല്ല് കിട്ടുന്നേ അതൊരു കലാപരമായ തല്ലാണല്ലോ? ഇനി ഇപ്പോ മുടിക്ക് പിടിച്ച് തല തറയില്‍ അടിച്ചതാണാ?

ഹോ മറന്നു കഥേടെ പേര് തന്നെ ചോദ്യചിഹ്നം
പിന്നെങ്ങനാ ചോദ്യം ചോദിക്കുന്നേ??

അരീക്കോടന്‍ said...

ചോദ്യചിഹ്നം നന്നായി..... അഭിനന്ദനങ്ങള്‍

മഴത്തുള്ളി said...

നിമിഷ, ചോദ്യചിഹ്നം കൊള്ളാം. അപ്പുവിനറിയില്ലല്ലോ അമ്മയുടെ വിഷമം.

ഇനിയും പോരട്ടെ.

അഗ്രജന്‍ said...

അസ്സലായി... അടി കിട്ടിയതല്ല... പോസ്റ്റ് :)

ബൂലോഗത്തേക്ക് സ്വാഗതം :)

പടിപ്പുര said...

ദാമ്പത്യ ജീവിതത്തില്‍ സാധാരണമല്ലേ, ഈ കൊടുക്കല്‍ വാങ്ങലുകള്‍!

(അപ്പൂസ്‌ വിട്ടുകള)

Nimisha said...

ഏറനാടന്‍ : സ്വാഗതം ഉടച്ച തേങ്ങ ചമ്മന്തി അരയ്ക്കാന്‍ എടുയ്കാമോ? :)

തറവാടി : സ്വാഗതം, ഞാന്‍ തറവാട്ടിലേയ്കു ഇടയ്ക്ക്‌ വരാറുണ്ട്‌, ഇതു വരെ കാളിംഗ്‌ ബെല്‍ അടിച്ചിട്ടില്ലാന്നേ ഉള്ളു.

വേണു : നന്ദി, സ്വാഗതം ഇവിടേയ്ക്ക്‌

ശ്രീ : നന്ദി, സ്വാഗതം

സുല്‍ : നന്ദി സുല്‍ താങ്കള്‍ക്കും സ്വാഗതം ഇവിടേയ്ക്ക്‌.....അതേ ഇത്‌ വെറും കഥ മാത്രം..

കുട്ടിചാത്തന്‍ : ഈ ലുട്ടാപ്പിയെ കൊണ്ടു തോറ്റു! കഥയില്‍ ചോദ്യമില്ലെന്നു കേട്ടിട്ടില്ലേ? :)

അരീക്കോടന്‍ : നന്ദി, സ്വാഗതം ഇവിടേയ്ക്ക്‌!

മഴത്തുള്ളി : അതേ അപ്പു അറിയാണ്ടിരിയ്ക്കട്ടേ അമ്മയുടെ വിഷമം..

അഗ്രജന്‍ : അയ്യോ എനിയ്ക്ക്‌ അടിയൊന്നും കിട്ടീല്ലേ! ഈശ്വരാ ഇനിപ്പൊ ഓരോ പോസ്റ്റിനൊപ്പം ഡിസ്‌ക്ലൈമര്‍ ഇടേണ്ടി വരുമോ...ഇത്‌ ഇത്തിരി കഥയും ഇത്തിരി കാര്യൊം ചേര്‍ന്ന വെറും ഒരു കഥയല്ലേ മാഷേ? സ്വാഗതം ഇവിടേയ്ക്ക്‌ :)

പടിപ്പുര : ഇതിപ്പൊ എല്ലാരും കൂടി എന്നെ ഒരു മെഗാസീരിയലിലെ ദു:ഖപുത്രി ആക്കി മാറ്റുമല്ലോ ദൈവമേ.....അപ്പൂസിനൊടു പറഞ്ഞ പോലെ ഞാനും ഒന്നു പറഞ്ഞോട്ടെ...വിട്ടുകള മാഷേ ഇത്‌ വെറും കഥയല്ലേ?

::സിയ↔Ziya said...

“എനിക്കൊരു പൈസ തരുമോ? എനിക്കു വെള്ളം വേണം...”
“അപ്പുവിന്റെ കണ്ണിലെ ചൊദ്യചിഹ്ന്ത്തെ അഖില കണ്ടില്ലെന്ന് നടിച്ചു...”
കുട്ടികളുടെ വികൃതിയും നിഷ്‌കളന്ന്കതയും കാണുമ്പോഴും വായിക്കുമ്പോഴും എന്റെ കണ്ണു നിറയുന്നതെന്തേ ഈശ്വരാ...
മനസ്സില്‍ത്തൊട്ട എഴുത്ത്. അഭിനന്ദനങ്ങള്‍...
നന്നായി തുടരുക

kaithamullu - കൈതമുള്ള് said...

-അപ്പുവിനു വെള്ളം തന്നെ കിട്ടുമോ, അതോ പെപ്സിയോ?
-അമ്മയുടെ ബാഗില്‍ ചില്ലറ കാണുമോ?
-എക്സ്‌റേ എടുത്ത ശേഷം സ്കാനിംഗ് കൂടി വേണമെന്നു പറയുമോ? (പ്രൈവറ്റ് ഹോസ്പിറ്റല്‍ ആണോ?)
-സ്കാനിംഗില്‍ തൊണ്ടയില്‍ ഒരു മുഴയുണ്ടെന്നു കണ്ടെത്തുമോ?
-അഖിലയുടെ ഭര്‍ത്താവ് മനം‌മാറ്റം വന്ന് മദ്യപാനം നിര്‍ത്തുമൊ?

കര്‍ത്താവേ, എന്തോരം സംശ്യങ്ങളാ ഇങ്ങനെ പൊങ്ങി പൊങ്ങി വരുന്നേ....

നിമിഷേ, സുസ്വാഗതം!

അപ്പു said...

പാവം കുട്ടികള്.....
ഇത്തരം നിഷ്കളങ്ക ചോദ്യങ്ങള്ക്ക് മുമ്പില് എത്രയോ പ്രാവശ്യം പകച്ചുപോയിട്ടുണ്ട്?

കുറുമാന്‍ said...

നിമിഷക്ക് ബൂലോകത്തിലേക്ക് സ്വാഗതം.

അപ്പുവായാലും, റിഷികയാലും (എന്റെ മൂത്ത മോളാ), ഇള്ള മനസ്സില്‍ കള്ളമില്ല. അവരുടെ വായില്‍ നിന്ന് സത്യം തന്നെ വരും.

ചാത്തോ, താടിക്കല്ല, കണ്ണിലും, മൂക്കിലും ഒക്കെ പരിക്കു പറ്റാം. കാലം നിന്നെ പഠിപ്പിക്കും.

കുട്ടന്‍ മേനൊന്‍ | KM said...

സ്വാഗതം. നല്ല പോസ്റ്റ് ട്ടോ.
കുവൈറ്റില്‍ ബ്ലോഗര്‍മാരുടെ എണ്ണം കൂടീവരുകയാണല്ലോ..:)

Moorthy said...

:)
കൊള്ളാം...ആശംസകള്‍...
qw_er_ty

chithrakaranചിത്രകാരന്‍ said...

നിമിഷ,
നന്നായിരിക്കുന്നു.
അപ്പുവിനെ നിശബ്ദനാക്കാനായി ഒരു സാധനവും വാങ്ങിക്കൊടുക്കരുതെന്ന് അഖിലയോട്‌ പറയണേ....!!!
സാവകാശം എന്തുകൊണ്ട്‌ കള്ളം പറഞ്ഞു എന്നു വിശദീകരിക്കുന്നതാ നല്ലത്‌. (ചിത്രകാരനും കുട്ടികളുള്ളതിനാല്‍ പറയുന്നത... മറ്റൊന്നും വിചാരിക്കരുതേ)

Muhammed Sageer Pandarathil said...

ഏവര്‍ക്കും ഈസ്റ്റര്‍ ആ‍ശംസകള്‍...!

നിമിഷ::Nimisha said...

സിയ :സിയയ്ക്ക്‌ സ്വാഗതം പ്രോത്സാഹനത്തിന്‌ നന്ദി :) ന്യൂസില്‍ കുട്ടികളുടെ ചലനമറ്റ ശരീരവും യുദ്‌ധത്തിനു മുന്നില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ നിസഹായരായി നില്‍ക്കുന്ന ആരോ ഫോര്‍വേര്‍ഡ്‌ ചെയ്ത പടങ്ങളും കാണുമ്പോള്‍ ഞാനറിയാതെ ഒഴുകാറുണ്ട്‌ കണ്ണുനീര്‍..എന്താനെന്നറിയില്ല .സ്വന്തം കുഞ്ഞിന്റെ മുഖമാണ്‌ അപ്പോള്‍ ഓര്‍ത്തു പോകുന്നത്‌ അല്ലേ?

കൈതമുള്ള്‌ : ഇതെന്താ സംശയ രോഗമോ? :) നന്ദി, സ്വാഗതം ഇവിടേയ്ക്ക്‌

കുറുമാന്‍ : നന്ദി, സ്വാഗതം ഇവിടേയ്ക്ക്‌, അതേ ഇള്ള മനസ്സില്‍ കള്ളമില്ല!

കുട്ടന്‍ മേനോന്‍ : പ്രോത്സാഹനത്തിന്‌ നന്ദി, അതേ എന്നെയും കൂടി കൂട്ടിക്കോളൂ കൂട്ടത്തില്‍:)

മൂര്‍ത്തി : നന്ദി :)

നിമിഷ::Nimisha said...

ചിത്രകാരന്‍ : പാതിരാത്രിയില്‍ വയറ്റിന്‌ സുഖമില്ലാതെ കരയുന്ന കുഞ്ഞു മകനേയും കൊണ്ട്‌ ഈജിപ്ഷ്യന്‍ ഡോക്റ്ററുടെ മുറിയുടെ മുന്നിലെ നീളന്‍ ക്യൂവില്‍ ഊഴവും കാത്ത്‌ മണിക്കൂറുകളോളം ഇരുന്നപ്പോള്‍ ഞാന്‍ കണ്ടു അഖിലയെ! അവളുടെ കൂടെ അപ്പു ഇല്ലായിരുന്നു..അവള്‍ക്കൊരു കൂട്ടായി ഞാന്‍ അപ്പുവിനെ കൊടുത്തപ്പോള്‍ അപ്പുവിന്റെ നിഷ്‌കളങ്കത വരച്ചു കാട്ടാന്‍ എന്റെ മൂത്ത മകന്റെ കുസൃതിയും വാക്കുകളും കടം കൊണ്ടത്‌ ഞാന്‍ അവന്റെ അമ്മയായത്‌ കൊണ്ട്‌ മാത്രം! ചിത്രകാരന്റെ അഭിപ്രായം വായിച്ചതില്‍ സന്തോഷമേ ഉള്ളൂ, നന്ദി :)

മുഹമ്മദ്‌ : നന്ദി :)വൈകിയാണെങ്കിലും താങ്കള്‍ക്കും ഈസ്റ്റര്‍ ആശംസകള്‍! പിന്നേ.. ആ "പണ്ടാരത്തില്‍" എന്നുള്ള ലാസ്റ്റ്‌ നെയിം ശരിക്കുള്ളതാണോ? :)