Monday, June 4, 2007

വാല്‍ക്കണ്ണാടിയിലെ കൊളസ്ട്രോള്‍

പൊരിച്ച കോഴി പ്ലേറ്റില്‍ കണ്ടാല്‍ സാധാരണ, വൗ ചിക്കന്‍! എന്റെ പുന്നാര അമ്മ എന്ന് പറഞ്ഞ്‌ കൊഞ്ചുന്ന ആള്‍ ഇന്നൊന്ന് മിഴിച്ച്‌ നോക്കി, പിന്നെ എന്നെ നോക്കി വീണ്ടും ചിക്കനിലോട്ടായി നോട്ടം...

അമ്മേ...

ആ വിളി കേട്ടപ്പോഴെ ഞാന്‍ ആദ്യമായി പി.എസ്‌.സി എഴുതാന്‍ പോകുന്ന ആളിന്റെ മാനസികാവസ്ത്ഥയിലായി. ഈശ്വരാ ഇനി എന്താണാവോ ചോദിയ്ക്കാന്‍ പോകുന്നെ?

അമ്മേ ചിക്കന്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ ഉണ്ടാകില്ലേ?

ഹമ്മേ! കൊളസ്ട്രോളോ? ഇതാര്‌ പറഞ്ഞു കുഞ്ഞിനോട്‌?

ഇന്ന് റ്റിവിയില്‍ വാല്‍ക്കണ്ണാടിയില്‍ ഒരു ആന്റി, ആ ആന്റി ഡോക്റ്റര്‍ ആണേ, പറഞ്ഞു ഫ്രൈ ചെയ്ത മീനും ഫ്രൈ ചിക്കനും കഴിച്ചാല്‍ കൊളസ്ട്രോള്‍ ‍ ഉണ്ടാകുമെന്ന്, അത്‌ കൊണ്ട്‌ ഞാന്‍ കഴിയ്ക്കില്ല അമ്മയും അച്കനും കഴിയ്ക്കേണ്ടാ....പിന്നെ ഇവനും കൊടുയ്ക്കേണ്ടാ. അടുത്തിരുന്ന് ചിക്കന്‍ കാല്‍ കടിക്കുന്നതില്‍ ബിസിയായിരിയ്ക്കുന്ന അനിയനെ ചൂണ്ടിയാണ്‌ അത്‌ പറഞ്ഞത്‌.

ഹേയ്‌ നമുക്ക്‌ കൊളസ്ട്രോള്‍ ഒന്നും ഉണ്ടാകില്ല, അത്‌ പ്രായമായ ആള്‍ക്കാര്‍ക്കല്ലേ ഉണ്ടാകുന്നത്‌.

പ്രായമായ ആള്‍ക്കാര്‍ക്ക്‌? എന്ന് വെച്ചാ അമ്മച്ചിയെയും അപ്പൂപ്പനെയും പോലെ?

ഹമ്മ്....അപ്പൂപ്പനും അമ്മച്ചിയെയും പോലെ....

യേ..യേ.!!! നമുക്ക്‌ കൊളസ്ട്രോള്‍ ഉണ്ടാകില്ലാ... അപ്പൊ നമുക്ക്‌ ഫ്രൈ ചിക്കന്‍ കഴിയ്ക്കാം കൊക്കരക്കൊ....അവന്‍ സന്തോഷം പ്രകടിപ്പിച്ചു.

സാധാരണ ചോറ്‌ കഴിയ്ക്കാന്‍ ഒന്നര മണിയ്ക്കൂര്‍ എടുക്കുന്ന, മീനും ചിക്കനും ഉണ്ടെങ്കില്‍ മടിയില്ലാതെ ചോറ്‌ വാരിക്കഴിയ്ക്കുന്ന എന്റെ കുട്ടിയോട്‌ ഇന്നത്തെ കാലത്ത്‌ ഫ്രൈ ചിക്കന്‍ കഴിച്ചാല്‍ അച്ചനും അമ്മയ്ക്കും കൂടി കൊളസ്ട്രോള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് പറഞ്ഞാല്‍ പിന്നെ അത്‌ മതി അത്‌ നിര്‍ത്താന്‍! അത്‌ കൊണ്ടൊരു നുണ പറയേണ്ടി വന്നു. പക്ഷേ പിന്നെ ആ കോഴിക്കാല്‍ എന്റെ പാത്രത്തില്‍ വെയ്ക്കാന്‍ തോന്നിയില്ല... ഒരു കുറ്റബോധം ..അവന്‌ ടിവിയില്‍ ഒരു തവണ കേട്ടപ്പോള്‍ തന്നെ അത്‌ ഓര്‍ത്തിരുന്ന് അമ്മയെ അറിയിയ്ക്കാന്‍ തക്ക ഗൗരവം ആ കാര്യത്തിലുണ്ടെന്ന് മനസ്സിലായി പക്ഷേ എനിയ്ക്കോ? ഇന്നത്തെ തിരക്കാര്‍ന്ന, ശാരീരികാധ്വാനത്തിന്‌ തെല്ലും അവസരം ഇല്ലാത്ത ഈ ജീവിതചര്യയില്‍ വറുത്ത മീനും പൊരിച്ച കോഴിയും സ്വാദിനൊപ്പം കൊളസ്ട്രോളിനെയും തരുമെന്ന് അറിയാമെങ്കിലും ഞാന്‍ അതിനെ അവഗണിയ്ക്കുന്നു... ഇനിയെങ്കിലും അങ്ങനെ ആകാതിരിയ്ക്കാന്‍ ശ്രമിയ്ക്കാം എന്ന് എനിയ്ക്ക് തോന്നി.

പിന്നെ തോന്നിയത്, കുട്ടികളെ കുറച്ച് നേരം ശ്രദ്ധിച്ച് നോക്കിയിരുന്നാല്‍ നമുക്കൊക്കെ തോന്നുന്ന.... “ഇന്നത്തെ കുട്ടികള്‍ എന്തൊക്കെ കാര്യങ്ങളാ ശ്രദ്ധിയ്ക്കുന്നെ, നമ്മള്‍ ഈ പ്രായത്തില്‍ ഇതൊന്നും കേട്ടതായിപ്പോലും ഓര്‍ക്കുന്നില്ലല്ലോ“ എന്ന ആ സ്ഥിരം അതിശയവും :)

23 comments:

നിമിഷ::Nimisha said...

കുഞ്ഞുമനസ്സിലും കൊളസ്ട്രോള്‍ ചിന്ത...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഇതു നമ്മ ഛോട്ടാ അമീര്‍ഖാന്‍ അല്ലേ? അവനാളു പണ്ടേ മുടുക്കനല്ലേ?
എന്നാലും ഇത്ര ചെറുപ്പത്തിലേ ചിക്കന്‍ തീറ്റിച്ചു അഡിക്റ്റാക്കണോ??

ഓടോ:
രുചിയുള്ള വേറൊന്നും വെയ്ക്കാനറീലെ?

asdfasdf asfdasdf said...

കുട്ടികള്‍ക്ക് ചിക്കണ്‍ കൊടുത്ത് പരിശീലിപ്പിക്കുന്നത് ഒരിക്കലും നല്ലതല്ല. പ്രത്യേകിച്ചും കുവൈറ്റിലെ കെ.എഫ്.സി മൊതലുകള്. കുട്ടികള്‍ക്ക് ഒരു തരം അഡിക്റ്റാവും. ആദ്യമൊക്കെ പ്രശ്നം തോന്നില്ല. പിന്നെ പിന്നെ ഇടയ്ക്കിടെ അതു വേണമെന്ന് വാശി പിടിക്കും. ഞാനറിയുന്ന ഒരു ഫാമിലിയിലെ പയ്യന് വയസ്സ് ആറ്.. തന്തപ്പിടി ജോലികഴിഞ്ഞ് ക്ഷീണിച്ച് വന്നിരുന്നാല്‍ പയ്യന്‍ കരച്ചിലു തുടങ്ങും ‘ പപ്പ KFC പോണം ‘എന്നു പറഞ്ഞ്. അങ്ങനെ മിക്ക ദിവസവും ഡിന്നര്‍ KFCയില്‍ . ചെറുക്കന്റെ തൂക്കം 42 കിലൊ. ടിപ്പിക്കല്‍ KFC ഫണ്ണിചിക്കണ്‍. കഴിഞ്ഞ വര്‍ഷം LKG യില്‍ ചേര്‍ത്തു. ആദ്യ ദിവസം ക്ലാസിലെ എല്ലവര്‍ക്കും അവന്‍ ഷേക്ക് ഹാന്‍ഡ് കൊടുത്തു. പിറ്റേന്ന് കാലത്ത് പ്രിന്‍സിപ്പാള്‍ തന്തപ്പിടിയെ വിളിച്ച് ‘ചില സാങ്കേതിക കാരണങ്ങളാല്‍ താങ്കളുടെ മകനു ടി.സി. തന്ന് വിടുന്നതില്‍ ഖേദിക്കുന്നു’ എന്നും പറഞ്ഞ് പയ്യനെ കയ്യോടെ ഏല്‍പ്പിച്ചുകൊടുത്തു. (Gulf India School Fahaheel തന്നെ.). ഇപ്പോള്‍ പയ്യനെ നാട്ടില്‍ വിട്ട് ഒരു ടീച്ചറെ വീട്ടിലിരുത്തി പഠിപ്പിക്കുന്നു.

...പാപ്പരാസി... said...

നിമിഷേ,
കുട്ടികള്‍ടെ ചിന്തയില്‍ നിന്നൊന്ന് ഒഴിഞ്ഞ്‌ നില്‍ക്കാന്ന് വെച്ചണ്‌ ഈ വഴിയൊക്കെ ഒന്ന് ചുറ്റിനടക്കുന്നത്‌.പോകുന്ന എല്ലായിടത്തും കിളിക്കൊഞ്ചലുകള്‍ മാത്രം,ഇപ്പോ സഹധര്‍മ്മിണി വിളിച്ചേയുള്ളൂ അവന്‍ ആദ്യ ദിവസത്തെ കളിയുടെ ക്ഷീണം തീര്‍ത്തുറങ്ങുന്നു.ഞാന്‍ ബ്ലോഗ്‌ പൂട്ടാന്‍ പോകുന്നു,എനിക്ക്‌ വയ്യ ഇനീം ഇങ്ങനെ സങ്കടപ്പെടാന്‍....

മനോജ് കുമാർ വട്ടക്കാട്ട് said...

വല്ലപ്പോഴെങ്കിലും ആവാമെന്നേ :)

(പതിവാക്കരുതെന്നേയുള്ളു എന്നവനെ മനസ്സിലാക്കിച്ചാല്‍‍‍ മതി)

തറവാടി said...

:)

ബയാന്‍ said...

ചിക്കനിലും, പൈനാപ്പിളിലും, നേന്ത്രപ്പഴത്തിലും ഹോര്‍മോണ്‍ കന്ടെന്റു കൂടുതലാണെന്നും ; ഈ ഹോര്‍മോണ്‍ നമ്മുടെ സ്വാഭാവിക വളര്‍ച്ചയെ ബാധിക്കും എന്നും ഈയിടെ ഒരു ബ്ലോഗ്ഗില്‍ വായിച്ചിരുന്നു;

അപ്പു ആദ്യാക്ഷരി said...

നിമിഷേ...കുട്ടികള്‍ ടി.വി.യില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. അവര്‍ക്ക് ചിന്തിക്കാന്‍ കുറച്ചുകാര്യങ്ങളല്ലേയുള്ളൂ. പിന്നെ ചിക്കന്റെ കാര്യം.... അധികമായാല്‍ അമൃതും വിഷം എന്ന കാര്യം ഭക്ഷണം കഴിക്കുമ്പോള്‍ ഓര്‍ത്തിരിക്കുക. അത്ര തന്നെ.

അജി said...

എന്തെങ്കിലും പ്രശ്നം ഉണ്ടന്ന് കരുതി, വല്ലതും ഇന്നൊഴുവാക്കാനാവുമോ ? എന്തിലാ ഏത് ഇല്ലാത്തത്? പിന്നെ ദേവേട്ടനെ പോലെയാവണം, കണ്ണി കണ്ടതെല്ലാം വായിച്ച് (ദേവേട്ടന്‍ തിന്നുന്നതിനേക്കാള്‍ കൂടുതല്‍ വായിച്ചിട്ടാ ഇങ്ങനെ മെലിഞ്ഞു പോയത് :) )പ്രാത്യേകിച്ച് ആരോഗ്യമാസിക, എല്ലാത്തിന്റേയും ഏ.ബി.സി.ഡിയും മനസ്സിലാക്കി, അവസാനമിപ്പോള്‍ മര്‍മ്മം പഠിച്ച കളരിയാശാനെ പോലെയായി, ദേവേട്ടന് ഒന്നും തിന്നാനാവുന്നില്ല. ഒരിക്കല്‍ ദേവേട്ടന്‍ പറഞ്ഞു: കാലത്ത് കഞ്ഞിയോ, ഓട്സോ കഴിക്കുക, ഓട്സില്‍ പാലൊഴിക്കരുത്. ദേ ഒരിടത്ത് വായിച്ചു സോഡിയം ശരീരത്ത് അത്ര നല്ലതല്ല, ഇന്നലെ ഓട്സിന്റെ 100ഗ്രാം പേക്കറ്റില്‍ ഇങ്ങനെ ഇഴുതിയിരിക്കുന്നു.. സോഡിയം 360മി.ഗ്രാം , ആകെ നോക്കിയാല്‍ മൊത്തം കണ്‍ഫ്യൂഷന്‍. പക്ഷെ ഒരു കാര്യമുണ്ട് എന്തു കണ്ടാലും, പത്യേകിച്ച് ചിക്കന്‍ കണ്ടാല്‍ വാരി വലിച്ചു തിന്നുന്ന എന്റെ സ്തൂലമായ ശരീരത്തേക്കാള്‍ എന്തുകൊണ്ടും ഒന്നു സ്പീഡില്‍ ഓടാനാവുക ദേവേട്ടന് തന്നെ, മെലിഞ്ഞാല്‍ പിന്നേയും ഉണ്ട് ഗുണം അതു ഞാന്‍ പറയില്ല, എന്നിട്ടു വേണം ദേവേട്ടന്റെ കയ്യില്‍ നിന്നു പെട കിട്ടാന്‍, ഇപ്പോള്‍ തന്നെ ആവശ്യത്തിന് ദേവേട്ടനില്‍ നിന്ന് കിട്ടാനുള്ളത് എഴുതി കഴിഞ്ഞു.
ദേവേട്ടാ :)

ഭയക്കാതെ കഴിക്കൂ. നമ്മള്‍ ശ്വസിക്കുന്ന വായുവില്‍ പോലും വിഷാംശമുണ്ട് നമ്മള്‍ എന്തു ശ്വസിക്കും ഇതല്ലാതെ ? നമ്മള്‍ എന്തു കഴിക്കും ഇതൊക്കെയല്ലാതെ.

നിമിഷ::Nimisha said...

കുട്ടിചാത്താ: അതെ, ഇതാള് അത് തന്നെ :) അഡിക്റ്റൊന്നും ആക്കിട്ടില്ല ചാത്താ
ഓടോ : നല്ല രുചിയുള്ള ചൂരല്‍ക്കഷായം വെയ്ക്കാന്‍ അറിയാം എന്തേ ഇത്തിരി എടുയ്ക്കട്ടേ?:)

കുട്ടമ്മേനോന്‍ : മേനോന്‍ ജി, എന്റെ നാളെ ആറ് വയസ്സ് തികയുന്ന മൂത്ത വിദ്വാന് 42 പോയിട്ട് ഒരു 12 കിലൊ തികച്ചുണ്ടോന്ന് എനിയ്ക്ക് സംശയം ഉണ്ട്, അത്രയ്ക്കാ അവന്റെ ആരോഗ്യം :)കെ.എഫ്.സി കഴിപ്പിച്ചൊന്നും അങ്ങനെ ശീലിപ്പിച്ചിട്ടില്ല, വല്ലപ്പോഴുമേ ഉള്ള് ഈ മീന്‍ വറുക്കലും കോഴി പൊരിയ്ക്കലും ഒക്കെ. അതും കൂടി നിര്‍ത്തേണ്ടാന്ന് വിചാരിച്ചു അത്രേ ഉള്ളു. പിന്നെ ഞാന്‍ വേവലാതിപ്പെട്ടത് നമ്മള്‍ വല്യോര് ആരൊഗ്യത്തെ അവഗണിയ്ക്കുന്ന ഓര്‍ത്താണ്.
എന്നാലും ആ കുട്ടിയെ പറ്റി വായിച്ച് ചിരിയും സങ്കടവും ഒപ്പം തോന്നി, പാവം.
കുവൈറ്റില്‍ പലപ്പോഴും കണ്ടിട്ടുള്ള കാഴ്ച ആണ് പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുള്ള കുട്ടികള്‍ :(

പാപ്പരാസി : ക്ഷമിയ്ക്കൂ മാഷേ, പലപ്പോഴും ഓര്‍ക്കാറില്ല ഇതൊക്കെ എഴുതുമ്പോള്‍ ,
ഹേയ് ബ്ലോഗൊന്നും പൂട്ടിപോകേണ്ടാ...ഒക്കെ ശരിയാവൂല്ലേ? .ആ ഉണ്ണിക്കുട്ടന്റെ ആദ്യ ദിവസത്തെ വിശേഷം ഒക്കെ നാളെ ഒന്ന് ചോദിച്ച് എഴുതിക്കോളൂ....:)

പടിപ്പുര : വല്ലപ്പോഴുമേ ഉള്ളൂ മാഷേ :)

തറവാടി ::)

ബയാന്‍ : ഉവ്വോ? വന്ന് വന്നിപ്പൊ ഒക്കെ വിഷമായി വരുകയാ‍ണല്ലേ :(

നിമിഷ::Nimisha said...

അപ്പു : അതേ അവരുടെ ലോകം പലപ്പോഴും നാല് ചുവരിലും ഒരു ടിവിയിലും ആയി ചുരുങ്ങുന്നു.

അജി : “ദേവേട്ടന്‍ മര്‍മ്മം പഠിച്ച കളരിയാശാനെ പോലെയായി“
“ദേവേട്ടന്‍ തിന്നുന്നതിനേക്കാള്‍ കൂടുതല്‍ വായിച്ചിട്ടാ ഇങ്ങനെ മെലിഞ്ഞു പോയത് :)“
എന്റമ്മോ ഞാന്‍ ബ്ലൊഗ് പൂട്ടി കാശിയ്ക്ക് പോകുവാ :)

ഗിരീഷ്‌ എ എസ്‌ said...

കൊള്ളാം...
ഇഷ്ടമായി...
കൊളസ്ട്രോള്‍ ഉണ്ടാകുമെന്ന്‌ കരുതി എന്തായാലും ചിക്കന്‍ തീറ്റ നിര്‍ത്താന്‍ സാധിക്കില്ലെ ല്ലേ....ടി വി കണ്ട്‌ കുട്ടികള്‍ നല്ല കാര്യങ്ങള്‍ ഹൃദിസ്ഥമാക്കുന്നത്‌ എന്തുകൊണ്ടും അഭിനന്ദനാര്‍ഹം തന്നെ..
നല്ല പോസ്റ്റ്‌
അഭിനന്ദനങ്ങള്‍....

ചീര I Cheera said...

നന്നായി നിമിഷേ, ആ ചിന്ത.

ശ്രീ said...

"ഇന്നത്തെ കുട്ടികള്‍ എന്തൊക്കെ കാര്യങ്ങളാ ശ്രദ്ധിയ്ക്കുന്നെ"

വളരെ ശരിയാണ്‍...

പിന്നെ, വാരി വലിച്ചു തിന്നുന്നവര്‍‌ക്കും കൂടി ഒരു മുന്നറിയിപ്പും....

മുസ്തഫ|musthapha said...

കുട്ടികളെ കുറച്ച് നേരം ശ്രദ്ധിച്ച് നോക്കിയിരുന്നാല്‍ നമുക്കൊക്കെ തോന്നുന്ന.... “ഇന്നത്തെ കുട്ടികള്‍ എന്തൊക്കെ കാര്യങ്ങളാ ശ്രദ്ധിയ്ക്കുന്നെ, നമ്മള്‍ ഈ പ്രായത്തില്‍ ഇതൊന്നും കേട്ടതായിപ്പോലും ഓര്‍ക്കുന്നില്ലല്ലോ“ എന്ന ആ സ്ഥിരം അതിശയവും :)

അവരെ നോക്കി നമുക്ക് പഠിക്കാം - പലതും!

മുസാഫിര്‍ said...

തലക്കെട്ടു കണ്ടു കൌതുകം തോന്നി എത്തിനോക്കിയതാണു.നന്നായിരിക്കുന്നു.
പിന്നെ കുട്ടികളില്‍ നിന്നും ഒരു പാടു കാര്യങ്ങള്‍ പഠിക്കാം.എന്റെ ഭാര്യക്ക് പുതുതായി വാങ്ങിച്ച മൊബൈല്‍ ഫോണിന്റെ ഫീച്ചേഴ്സ് എല്ലാം പഠിപ്പിക്കുന്നത് രണ്ടില്‍ പഠിക്കുന്ന മകനാണു.ഇപ്പോള്‍ അവന്റെ ജാഡ കാരണം പഠിപ്പു കുറച്ച് ദിവസത്തെക്കു നിറുത്തി വെച്ചിരിക്കുകയാ‍ണ്.

സാരംഗി said...

കുട്ടികള്‍ പറയുന്നതില്‍ കാര്യമില്ല എന്ന ചിന്താഗതി മാറേണ്ട സമയമായി. ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ എത്ര വേഗത്തിലാണൂ കാര്യങ്ങള്‍ ഗ്രഹിയ്ക്കുന്നത്, നമ്മളെ തിരുത്താനും അവര്‍ക്കൊരു മടിയുമില്ല.
ചിക്കന്റെ കാര്യത്തില്‍ ഓര്‍ഗാനിക് എന്ന ലേബലിലുള്ളവ കിട്ടുമെങ്കില്‍ കുറച്ചുകൂടി ഭേദമായിരിയ്ക്കും, എന്നാലും ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കോഴിയെ ഒഴിവാക്കിയാല്‍ ഉത്തമം..:)
പിന്നെ, തൊലി കളഞ്ഞ കോഴിയിറച്ചി ആണെങ്കില്‍ അത്യുത്തമം..:))

നിമിഷ::Nimisha said...

ദ്രൌപതിവര്‍മ്മ : നന്ദി ദ്രൌപതി :)

പി.ആര്‍. : നന്ദി, :)

ശ്രീ : :)

അഗ്രജന്‍ : അതേ നമുക്ക് കണ്ട് പഠിയ്ക്കാന്‍ പലതുമുണ്ട് അവരുടെ പ്രവ്ര്യത്തിയില്‍ നിന്ന്.

മുസാഫിര്‍ : നന്ദി :)അത് ശരി, മോന്‍ ആള്‍ പുലിയാണ്‍് അല്ലേ? :)

സാരംഗി : നന്ദി :)

Vanaja said...

ആളു കൊള്ളാമല്ലോ:)

Vanaja said...

കുട്ടന്‍ മേനോണ്റ്റെ കമണ്റ്റു വായിച്ചപ്പളാ മുന്‍പാരോ ഈമെയില്‍ അയച്ച തന്നു KFചിക്കന്‍സിണ്റ്റെ പടം ഓര്‍മ്മ വന്നത്‌. ഇതിനു വേണ്ടി കോഴികളെ പ്രത്യേക രീതിയില്‍ വളര്‍ത്തുന്നതാണത്രേ. ശരിയാണൊന്നറിയില്ല. എന്നാലും അവറ്റകളുടെ പടം കണ്ടതിനു ശേഷം KFC എന്ന ബോര്‍ഡു കണ്ടാല്‍ തന്നെ ഛര്‍ദ്ദിക്കാന്‍ വരും.

Siju | സിജു said...

വനജ കണ്ടത് ഇതാണെങ്കില്‍ അതു നുണയാ..

നിമിഷ::Nimisha said...

വനജ : സ്വാഗതം :) ഞാനും കണ്ടിരുന്നു ഒരു ക്ലിപ്പ് അതിനെ പറ്റി, എനിയ്ക്കും പിന്നെ കഴിയ്ക്കാന്‍ തോന്നിയിട്ടില്ല.

സിജു : തെറ്റിദ്ധാരണ തിരുത്തിയതില്‍ സന്തോഷം , ഞാനും വനജയെപ്പോലെ ആ മെയില്‍ കണ്ട് വിശ്വസിച്ചിരുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊളസ്ട്രോള്‍ ഉണ്ടാകുമെന്ന്‌ കരുതി ഇനി ചിക്കന്‍ തീറ്റ
ഇല്ലാതാക്കാന്‍ പറ്റുമോ.എന്നാലും ഒരു മുന്നറിയിപ്പു നല്ലതായി..
കുട്ടികള്‍ പിന്നെ പ്രസ്യങ്ങള്‍ക്ക് അടിമപ്പെടുന്നുവോ..?
അതുമല്ല പണ്ടത്തെ കാലമല്ലല്ലൊ ഇന്നും അതും കൂടി ഓര്‍ക്കണെ
ഏതായാലും നല്ല പോസ്റ്റ്..
സസ്നേഹം സജി പരവൂര്‍.!!