പൊരിച്ച കോഴി പ്ലേറ്റില്‍ കണ്ടാല്‍ സാധാരണ, വൗ ചിക്കന്‍! എന്റെ പുന്നാര അമ്മ എന്ന് പറഞ്ഞ് കൊഞ്ചുന്ന ആള് ഇന്നൊന്ന് മിഴിച്ച് നോക്കി, പിന്നെ എന്നെ നോക്കി വീണ്ടും ചിക്കനിലോട്ടായി നോട്ടം...
അമ്മേ...
ആ വിളി കേട്ടപ്പോഴെ ഞാന്‍ ആദ്യമായി പി.എസ്.സി എഴുതാന്‍ പോകുന്ന ആളിന്റെ മാനസികാവസ്ത്ഥയിലായി. ഈശ്വരാ ഇനി എന്താണാവോ ചോദിയ്ക്കാന്‍ പോകുന്നെ?
അമ്മേ ചിക്കന്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ ഉണ്ടാകില്ലേ?
ഹമ്മേ! കൊളസ്ട്രോളോ? ഇതാര് പറഞ്ഞു കുഞ്ഞിനോട്?
ഇന്ന് റ്റിവിയില്‍ വാല്‍ക്കണ്ണാടിയില്‍ ഒരു ആന്റി, ആ ആന്റി ഡോക്റ്റര്‍ ആണേ, പറഞ്ഞു ഫ്രൈ ചെയ്ത മീനും ഫ്രൈ ചിക്കനും കഴിച്ചാല്‍ കൊളസ്ട്രോള്‍ ഉണ്ടാകുമെന്ന്, അത് കൊണ്ട് ഞാന്‍ കഴിയ്ക്കില്ല അമ്മയും അച്കനും കഴിയ്ക്കേണ്ടാ....പിന്നെ ഇവനും കൊടുയ്ക്കേണ്ടാ. അടുത്തിരുന്ന് ചിക്കന്‍ കാല് കടിക്കുന്നതില്‍ ബിസിയായിരിയ്ക്കുന്ന അനിയനെ ചൂണ്ടിയാണ് അത് പറഞ്ഞത്.
ഹേയ് നമുക്ക് കൊളസ്ട്രോള്‍ ഒന്നും ഉണ്ടാകില്ല, അത് പ്രായമായ ആള്‍ക്കാര്‍ക്കല്ലേ ഉണ്ടാകുന്നത്.
പ്രായമായ ആള്‍ക്കാര്‍ക്ക്? എന്ന് വെച്ചാ അമ്മച്ചിയെയും അപ്പൂപ്പനെയും പോലെ?
ഹമ്മ്....അപ്പൂപ്പനും അമ്മച്ചിയെയും പോലെ....
യേ..യേ.!!! നമുക്ക് കൊളസ്ട്രോള്‍ ഉണ്ടാകില്ലാ... അപ്പൊ നമുക്ക് ഫ്രൈ ചിക്കന്‍ കഴിയ്ക്കാം കൊക്കരക്കൊ....അവന് സന്തോഷം പ്രകടിപ്പിച്ചു.
സാധാരണ ചോറ് കഴിയ്ക്കാന്‍ ഒന്നര മണിയ്ക്കൂര്‍ എടുക്കുന്ന, മീനും ചിക്കനും ഉണ്ടെങ്കില്‍ മടിയില്ലാതെ ചോറ് വാരിക്കഴിയ്ക്കുന്ന എന്റെ കുട്ടിയോട് ഇന്നത്തെ കാലത്ത് ഫ്രൈ ചിക്കന്‍ കഴിച്ചാല്‍ അച്ചനും അമ്മയ്ക്കും കൂടി കൊളസ്ട്രോള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് പറഞ്ഞാല്‍ പിന്നെ അത് മതി അത് നിര്‍ത്താന്‍! അത് കൊണ്ടൊരു നുണ പറയേണ്ടി വന്നു. പക്ഷേ പിന്നെ ആ കോഴിക്കാല് എന്റെ പാത്രത്തില്‍ വെയ്ക്കാന്‍ തോന്നിയില്ല... ഒരു കുറ്റബോധം ..അവന് ടിവിയില്‍ ഒരു തവണ കേട്ടപ്പോള്‍ തന്നെ അത് ഓര്‍ത്തിരുന്ന് അമ്മയെ അറിയിയ്ക്കാന്‍ തക്ക ഗൗരവം ആ കാര്യത്തിലുണ്ടെന്ന് മനസ്സിലായി പക്ഷേ എനിയ്ക്കോ? ഇന്നത്തെ തിരക്കാര്‍ന്ന, ശാരീരികാധ്വാനത്തിന് തെല്ലും അവസരം ഇല്ലാത്ത ഈ ജീവിതചര്യയില്‍ വറുത്ത മീനും പൊരിച്ച കോഴിയും സ്വാദിനൊപ്പം കൊളസ്ട്രോളിനെയും തരുമെന്ന് അറിയാമെങ്കിലും ഞാന്‍ അതിനെ അവഗണിയ്ക്കുന്നു... ഇനിയെങ്കിലും അങ്ങനെ ആകാതിരിയ്ക്കാന്‍ ശ്രമിയ്ക്കാം എന്ന് എനിയ്ക്ക് തോന്നി.
പിന്നെ തോന്നിയത്, കുട്ടികളെ കുറച്ച് നേരം ശ്രദ്ധിച്ച് നോക്കിയിരുന്നാല്‍ നമുക്കൊക്കെ തോന്നുന്ന.... “ഇന്നത്തെ കുട്ടികള്‍ എന്തൊക്കെ കാര്യങ്ങളാ ശ്രദ്ധിയ്ക്കുന്നെ, നമ്മള് ഈ പ്രായത്തില്‍ ഇതൊന്നും കേട്ടതായിപ്പോലും ഓര്‍ക്കുന്നില്ലല്ലോ“ എന്ന ആ സ്ഥിരം അതിശയവും :)