ഞാന്‍ പറയുന്നതൊന്ന് വിശ്വസിക്കൂ പ്ലീസ്, എനിയ്ക്ക് ഇതു വരെ ബില്ല് മാറിക്കിട്ടിയില്ല, കിട്ടിയാലുടന്‍ നിങ്ങളുടെ പൈസ തിരിച്ച് തരാം, ഉറപ്പ്.
നിങ്ങളിത് പറയാന്‍ തുടങ്ങീട്ട് നാള് കൊറെ ആയി, എനിക്കെന്റെ പൈസ കിട്ടണം ഇപ്പൊ തന്നെ. ഞാന്‍ ജോലി ചെയ്തതിന്റെ കൂലിയാ, വെറുതേ ചോദിക്കുന്നതൊന്നുമല്ലല്ലോ?
പുറത്തെ മുറിയില്‍ ബക്കറിന്റെ ശബ്ദം ഉയര്‍ന്ന് കേട്ടപ്പോള്‍ സുനിതയുടെ ഉള്ളൊന്ന് പിടച്ചു. ഈശ്വരാ എന്തൊക്കെയാണോ ഇനി നടയ്ക്കാന്‍ പോകുന്നെ. മാസങ്ങള്‍ക്ക് മുന്‍പ് ആരിഫിനെ സൂപ്പര്‍വൈസറായും ബക്കറടക്കം മറ്റ് എഴ് പണിക്കാരെയും കൂട്ടി അനില്‍ ആ കോണ്ട്രാക്റ്റ് വര്‍ക്ക് ഏറ്റെടുത്തപ്പോള്‍ ഇനിയെങ്കിലും ഈ കടങ്ങളൊക്കെ തീര്‍ത്തിട്ട് സമാധാനമായി ജീവിയ്ക്കാം എന്നൊരു പ്രതീക്ഷ ആയിരുന്നു.കമ്പനിയില്‍ നിന്ന് ലീവ് എടുത്തായിരുന്നു അനില്‍ പുറത്തെ പണി ഏറ്റെടുത്തത്. മാനേജ്മന്റ് അറിഞ്ഞാല്‍ ജോലി പോകും എന്നറിഞ്ഞിട്ടും ആ തീക്കളി കളിച്ചത് കടം കൊണ്ട് നില്‍ക്കള്ളി ഇല്ലാതായത് കൊണ്ടു മാത്രം ആയിരുന്നു. പക്ഷെ കണക്ക് കൂട്ടലുകളൊക്കെ പിഴച്ചു. ആദ്യത്തെ ബില്ല് മാറിക്കിട്ടിയെങ്കിലും രണ്ടാമത്തേത് മാറാന്‍ ചെന്നപ്പോളൊക്കെ കമ്പനി മാനേജര്‍ ഓരോ ഒഴിവ് കഴിവുകള്‍ പറഞ്ഞ് അനിലിനെ മടക്കി അയച്ചു. മറ്റൊരു കമ്പനിയിലെ വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന അനിലിന് ഒരിയ്ക്കലും നിയമപരമായി അയാളെ എതിര്‍ക്കാന്‍ കഴിയില്ലാ എന്നറിഞ്ഞ് ചതിയ്ക്കുകയായിരുന്നു അയാള്‍.കിട്ടുന്ന ശമ്പളത്തില്‍ നിന്നും ഇപ്പോഴുള്ള കടങ്ങള്‍ തന്നെ തീര്‍ക്കാന്‍ കഴിയാതെ വീര്‍പ്പ്മുട്ടിക്കൊണ്ടിരുന്ന അനിലിന് താങ്ങാനാവാത്തതായിന്നു ആ ചതി. ആദ്യമൊക്കെ സാരമില്ല പൈസ ഉള്ളപ്പോള്‍ തന്നാല്‍ മതി എന്നാശ്വസിപ്പിച്ച ആരിഫടയ്ക്കമുള്ള ജോലിയ്ക്കാര്‍ ഇപ്പോള്‍ അനിലിനോട് കയര്‍ത്ത് സംസാരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. അവരെ കുറ്റം പറയാന്‍ പറ്റില്ല, അന്യനാട്ടില്‍ അവര്‍ കൊടുംവെയിലത്തു കഷ്ടപ്പെട്ട് ജോലി ചെയ്തതിന്റെ കൂലിയല്ലേ?
സുനിത കുഞ്ഞിനെ എടുത്ത് പുറത്തെ മുറിയിലേയ്ക്ക് നടന്നു.....
നിങ്ങള്‍ മര്യാദയ്ക്ക് പൈസ എടുയ്ക്കുന്നുണ്ടോ? ബക്കര്‍ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു.
അനില്‍ വാതിലിന്റെ പകുതി മറവില്‍ നില്ക്കുന്ന സുനിതയെ നോക്കി.ആ കണ്ണുകളില്‍ സങ്കടവും നിസ്സഹായതയും അപമാനവും ഒക്കെ ഒരൊറ്റ നിമിഷത്തില്‍ മിന്നി മറയുന്നത് സുനിത നിറകണ്ണുകളോടെ കണ്ടു. പെട്ടന്ന് അനില്‍ കയ്യില്‍ കിടന്ന മോതിരം ഊരി ബക്കറിന്റെ കയ്യില്‍ വെച്ചു, നിങ്ങളിതു വെച്ചോളു എന്റെ കയ്യില്‍ ഇതേ ഉള്ളിപ്പോള്‍. ബക്കറിന്റെ മുഖത്ത് സന്തോഷം മിന്നിമറഞ്ഞു അയാള്‍ അത് വാങ്ങി പോക്കറ്റില്‍ ഇട്ടു കൊണ്ടു ആരിഫിനോട് പറഞ്ഞു ഞാന്‍ എന്റെ പൈസ വാങ്ങി ഇനി നിങ്ങളുടെ പൈസ, അതു നിങ്ങളായി നിങ്ങളുടെ പാടായി.
ഇതാ നിങ്ങളായിട്ട് ഇനി വിഷമിക്കേണ്ട...ഇതും കൂടി കൊണ്ട് പൊയ്ക്കൊള്ളു...സുനിത മാല ഊരി ആരിഫിന് നീട്ടി...
പെങ്ങളേ...എന്താ ഈ കാണിക്കുന്നത്....നിങ്ങള്‍ അത് കഴുത്തിലിട് ...വാ ബക്കറേ ഇറങ്ങാം....ആരിഫ് ബക്കറിനെയും വിളിച്ച് പുറത്തേയ്ക്ക് നടന്നു...
സുനിത തുണി കഴുകികൊണ്ടിരുന്നപ്പോഴായിരുന്നു കാളിംഗ് ബെല്‍ ശബ്ദിച്ചത്..അനില്‍ വരാന്‍ സമയം ആയില്ല...മാത്രമല്ല അനിലിന്റെ കയ്യില്‍ താക്കോലും ഉണ്ട് .ആരായാരിയ്ക്കൂം ഈ സമയത്ത്? ഇട്ടിരുന്ന ഗൗണില്‍ തന്നെ കൈ തുടച്ച് സുനിത വാതിലില്‍ പതിച്ചിരിയ്ക്കുന്ന ലെന്‍സിലൂടെ നോക്കി. ആരിഫ്! കൂടെ ഒരാളും ഉണ്ട്. ഈശ്വരാ എന്താണാവോ ഇയാള്‍ ഈ സമയത്ത്? തുറക്കണോ വേണ്ടായോ എന്നാലോചിച്ച് നിന്നപ്പോഴേക്കും അടുത്ത ബെല്‍ കേട്ടു. തുറന്നില്ലെങ്കില്‍ അകത്തെ മുറിയില്‍ നിന്നും റൂം മേറ്റ് ഇറങ്ങി വരും. എന്തായാലും തുറക്കുക തന്നെ.
അനിലേട്ടന് വന്നില്ലല്ലോ ...സുനിത വാതിലില്‍ പകുതി മറഞ്ഞ് നിന്ന് പറഞ്ഞു.
കൊച്ചേ ഞങ്ങള്‍ നിങ്ങളെ കാണാന്‍ വന്നതാണ് ആരിഫിനോടൊപ്പമുള്ള മധ്യവയസ്കന് പറഞ്ഞു
എന്നെയോ?
അതേ.. അകത്തേയ്ക്ക് വരാമോ?
വരൂ.. സുനിത തെല്ലൊരു ജാള്യതയോടെ സൈഡിലേയ്ക് മാറി.
കുടിയ്ക്കാന്‍...
ഒന്നും വേണ്ടാ നിങ്ങള്‍ ഇരിയ്ക്കിന്‍..
എന്റെ പേര് അബു, ഞാന്‍ ബക്കറിന്റെ കൊച്ചാപ്പയാണ് ഇത് തിരികെ തരാന്‍ വന്നതാ പിന്നെ നിങ്ങളോട് ഒന്ന് സംസാരിയ്ക്കാനും....
അബുക്ക നിവര്‍ത്തിയ കൈയ്യില്‍ 'സുനിത' എന്നെഴുതിയ അനിലിന്റെ മോതിരം!സുനിത ഒന്നും മനസ്സിലാകാതെ അയാളെ മിഴിച്ചു നോക്കി.
അവന് ചെറിയ പയ്യനാ, കല്യാണം കഴിഞ്ഞിട്ടില്ല അത് കൊണ്ട് അവനിത് വെറും ഒരു മോതിരം മാത്രമാണ്. പക്ഷെ എനിയ്ക്കറിയാം ഇതിന്റെ വില.ഇന്നലെ ആരിഫ് വന്ന് പറഞ്ഞപ്പോഴാ ഞാന്‍ എല്ലാം അറിഞ്ഞത്..ഞാന്‍ അല്ലാതെ വേറെ ആര് പറഞ്ഞാലും അവന് കേല്‍ക്കൂല്ലാന്ന് ആരിഫിന് അറിയാം. പിന്നെ നിങ്ങളുടെ അച്ചന്റെ പ്രായം എനിക്കുള്ളോണ്ട് പറയുവാ ഒന്നും തോന്നരുത്...ഇന്നലെ മോള് ചെയ്തത് വല്യ ഒരു തെറ്റാ .ഇത് താലിമാലയാണ് ഒരിയ്ക്കലും അതിങ്ങനെ ഊരി അന്യന് നീട്ടരുത്...ഇനി ചെയ്യുമോ?
സുനിത മുഖം കുനിച്ചു അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
പെങ്ങളേ എനിയ്ക്ക് വല്യ വിഷമമായി ഇന്നലെ. താലിമാല ഊരി വാങ്ങാന്‍ അത്രയ്ക്ക് മനസ്സാക്ഷി ഇല്ലാത്തോരാ ഞങ്ങളെന്ന് നിങ്ങള്‍ കരുതിയല്ലൊ.. അത് ബക്കര്‍ മോതിരം വാങ്ങിയത് കൊണ്ടല്ലേ? അവനത്രയ്ക്ക് അറിയില്ല ഇതൊന്നും.അതാ ഞാന്‍ അബുക്കയൊട് പോയി പറഞ്ഞെ..
വിഷമിയ്ക്കേണ്ടാ....ബക്കറിന്റെ പൈസ ഞാന്‍ കൊടുത്തു. എന്റെ നമ്പര്‍ എഴുതിയെടുത്തോളൂ... കടമൊക്കെ തീര്‍ന്നിട്ട് പൈസ ഉണ്ടാകുമ്പോ വിളിച്ചാ മതിയെന്ന് അനിലിനോട് പറഞ്ഞേരെ...അബുക്ക ആശ്വസിപ്പിച്ചു...
സുനിത അബുക്കയുടെ നമ്പര്‍ കുറിച്ചെടുത്തു..
എന്നാ ഞങ്ങള്‍ ഇറങ്ങട്ടേ...അബുക്കയുടെ മുഖത്ത് വെണ്നിലാവ് പോലെ ചിരി..അത് ആരിഫിലേയ്ക്കും നിറഞ്ഞു ....സുനിതയുടെ കണ്ണുകളില്‍ നന്ദിയുടെ കണ്ണുനീര്‍പ്പൂക്കളും.....