Tuesday, June 5, 2007

കുസ്രുതിക്കുട്ടന് ആറാം ജന്മദിനാശംസകള്‍!


ഇന്ന് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞു അവന്‍ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നിട്ട്, എപ്പോഴും കലപില വര്‍ത്തമാനം പറയുന്ന, എന്റെ കണ്ണൊന്ന് തെറ്റിയാല്‍ കര്‍ട്ടനില്‍ തൂങ്ങി സ്പൈഡര്‍മാനെ അനുകരിയ്ക്കുന്ന, അനിയന്‍ വാവയെ സ്നേഹിച്ച്, തല്ലു കൂടി, പിന്നെ ഇരട്ടി തല്ല് തിരിച്ച് വാങ്ങുന്ന, വൈകിട്ട് അമ്മയെ കാണുമ്പോള്‍ പരാതിപ്പെട്ടി തുറക്കുന്ന, പഠിച്ച് വല്യ ആളായി ജോലി കിട്ടുമ്പോള്‍ അമ്മയ്ക്ക് ഡൈമണ്ട് കമ്മലും പട്ടുസാരിയും അച്ചന് പാന്റും ഷര്‍ട്ടും അനിയന്‍ വാവയ്ക് സൈക്കിളും പിന്നെ അവന് ഒരു സ്കേറ്റിങ്ങ് ഷൂവും വാങ്ങുമെന്ന് സ്വപ്നം കാണുന്ന, ഇത്തിരി കുശുമ്പും ഒത്തിരി സ്നേഹവുമായി വീട് മാത്രമല്ല ഞങ്ങളുടെ കുഞ്ഞ് ലോകത്താകെ നിറഞ്ഞ് നില്‍ക്കുന്ന പ്രണദ്.

അമ്മയുടെയും അച്ചന്റെയും അനിയന്‍ വാവയുടെയും കുസ്രുതിക്കുട്ടന് ആറാം ജന്മദിനാശംസകള്‍!

Monday, June 4, 2007

വാല്‍ക്കണ്ണാടിയിലെ കൊളസ്ട്രോള്‍

പൊരിച്ച കോഴി പ്ലേറ്റില്‍ കണ്ടാല്‍ സാധാരണ, വൗ ചിക്കന്‍! എന്റെ പുന്നാര അമ്മ എന്ന് പറഞ്ഞ്‌ കൊഞ്ചുന്ന ആള്‍ ഇന്നൊന്ന് മിഴിച്ച്‌ നോക്കി, പിന്നെ എന്നെ നോക്കി വീണ്ടും ചിക്കനിലോട്ടായി നോട്ടം...

അമ്മേ...

ആ വിളി കേട്ടപ്പോഴെ ഞാന്‍ ആദ്യമായി പി.എസ്‌.സി എഴുതാന്‍ പോകുന്ന ആളിന്റെ മാനസികാവസ്ത്ഥയിലായി. ഈശ്വരാ ഇനി എന്താണാവോ ചോദിയ്ക്കാന്‍ പോകുന്നെ?

അമ്മേ ചിക്കന്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ ഉണ്ടാകില്ലേ?

ഹമ്മേ! കൊളസ്ട്രോളോ? ഇതാര്‌ പറഞ്ഞു കുഞ്ഞിനോട്‌?

ഇന്ന് റ്റിവിയില്‍ വാല്‍ക്കണ്ണാടിയില്‍ ഒരു ആന്റി, ആ ആന്റി ഡോക്റ്റര്‍ ആണേ, പറഞ്ഞു ഫ്രൈ ചെയ്ത മീനും ഫ്രൈ ചിക്കനും കഴിച്ചാല്‍ കൊളസ്ട്രോള്‍ ‍ ഉണ്ടാകുമെന്ന്, അത്‌ കൊണ്ട്‌ ഞാന്‍ കഴിയ്ക്കില്ല അമ്മയും അച്കനും കഴിയ്ക്കേണ്ടാ....പിന്നെ ഇവനും കൊടുയ്ക്കേണ്ടാ. അടുത്തിരുന്ന് ചിക്കന്‍ കാല്‍ കടിക്കുന്നതില്‍ ബിസിയായിരിയ്ക്കുന്ന അനിയനെ ചൂണ്ടിയാണ്‌ അത്‌ പറഞ്ഞത്‌.

ഹേയ്‌ നമുക്ക്‌ കൊളസ്ട്രോള്‍ ഒന്നും ഉണ്ടാകില്ല, അത്‌ പ്രായമായ ആള്‍ക്കാര്‍ക്കല്ലേ ഉണ്ടാകുന്നത്‌.

പ്രായമായ ആള്‍ക്കാര്‍ക്ക്‌? എന്ന് വെച്ചാ അമ്മച്ചിയെയും അപ്പൂപ്പനെയും പോലെ?

ഹമ്മ്....അപ്പൂപ്പനും അമ്മച്ചിയെയും പോലെ....

യേ..യേ.!!! നമുക്ക്‌ കൊളസ്ട്രോള്‍ ഉണ്ടാകില്ലാ... അപ്പൊ നമുക്ക്‌ ഫ്രൈ ചിക്കന്‍ കഴിയ്ക്കാം കൊക്കരക്കൊ....അവന്‍ സന്തോഷം പ്രകടിപ്പിച്ചു.

സാധാരണ ചോറ്‌ കഴിയ്ക്കാന്‍ ഒന്നര മണിയ്ക്കൂര്‍ എടുക്കുന്ന, മീനും ചിക്കനും ഉണ്ടെങ്കില്‍ മടിയില്ലാതെ ചോറ്‌ വാരിക്കഴിയ്ക്കുന്ന എന്റെ കുട്ടിയോട്‌ ഇന്നത്തെ കാലത്ത്‌ ഫ്രൈ ചിക്കന്‍ കഴിച്ചാല്‍ അച്ചനും അമ്മയ്ക്കും കൂടി കൊളസ്ട്രോള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് പറഞ്ഞാല്‍ പിന്നെ അത്‌ മതി അത്‌ നിര്‍ത്താന്‍! അത്‌ കൊണ്ടൊരു നുണ പറയേണ്ടി വന്നു. പക്ഷേ പിന്നെ ആ കോഴിക്കാല്‍ എന്റെ പാത്രത്തില്‍ വെയ്ക്കാന്‍ തോന്നിയില്ല... ഒരു കുറ്റബോധം ..അവന്‌ ടിവിയില്‍ ഒരു തവണ കേട്ടപ്പോള്‍ തന്നെ അത്‌ ഓര്‍ത്തിരുന്ന് അമ്മയെ അറിയിയ്ക്കാന്‍ തക്ക ഗൗരവം ആ കാര്യത്തിലുണ്ടെന്ന് മനസ്സിലായി പക്ഷേ എനിയ്ക്കോ? ഇന്നത്തെ തിരക്കാര്‍ന്ന, ശാരീരികാധ്വാനത്തിന്‌ തെല്ലും അവസരം ഇല്ലാത്ത ഈ ജീവിതചര്യയില്‍ വറുത്ത മീനും പൊരിച്ച കോഴിയും സ്വാദിനൊപ്പം കൊളസ്ട്രോളിനെയും തരുമെന്ന് അറിയാമെങ്കിലും ഞാന്‍ അതിനെ അവഗണിയ്ക്കുന്നു... ഇനിയെങ്കിലും അങ്ങനെ ആകാതിരിയ്ക്കാന്‍ ശ്രമിയ്ക്കാം എന്ന് എനിയ്ക്ക് തോന്നി.

പിന്നെ തോന്നിയത്, കുട്ടികളെ കുറച്ച് നേരം ശ്രദ്ധിച്ച് നോക്കിയിരുന്നാല്‍ നമുക്കൊക്കെ തോന്നുന്ന.... “ഇന്നത്തെ കുട്ടികള്‍ എന്തൊക്കെ കാര്യങ്ങളാ ശ്രദ്ധിയ്ക്കുന്നെ, നമ്മള്‍ ഈ പ്രായത്തില്‍ ഇതൊന്നും കേട്ടതായിപ്പോലും ഓര്‍ക്കുന്നില്ലല്ലോ“ എന്ന ആ സ്ഥിരം അതിശയവും :)

Wednesday, May 30, 2007

പരിഭവങ്ങള്‍...

കണ്ണുണ്ട്....എന്നിട്ടും എന്തേ കാണാത്തെ? അതോ കണ്ടില്ലെന്ന് നടിയ്ക്കുവാണോ?
കാതുണ്ട്...എന്നിട്ടും എന്തേ കേള്‍ക്കാത്തെ? അതോ കേട്ടില്ലെന്ന് നടിയ്ക്കുവാണോ?
എനിക്കിന്ന് പിണങ്ങാന്‍ തോന്നുന്നു...ആ ഓടക്കുഴലിനും മയില്‍പ്പീലിത്തുണ്ടിനും മാറ്റാന്‍ പറ്റില്ലാ എന്റെ തോന്നലിനെ ഇന്ന്..... പക്ഷേ എന്നില്‍ വേരാര്‍ന്നു പോയ നിന്നിലുള്ള വിശ്വാസം എന്നെ തോല്‍പ്പിക്കുന്നു .....മനസ്സിന്റെ അകത്തളത്തില്‍ ഒരു കുഞ്ഞു പ്രതീക്ഷ ചിലങ്ക കെട്ടുന്നു...... പരീക്ഷണങ്ങളുടെ ഇടവഴിയില്‍ ഞാന്‍ കാലിടറി വീഴുമ്പോള്‍, നീട്ടുമോ ആ കൈവിരല്‍ത്തുമ്പ് ഒരു താങ്ങിനായി എന്നത്തേയും പോലെ?

Tuesday, May 22, 2007

നന്മയുടെ വെണ്‍നിലാവ്

ഞാന്‍ പറയുന്നതൊന്ന് വിശ്വസിക്കൂ പ്ലീസ്‌, എനിയ്ക്ക്‌ ഇതു വരെ ബില്ല് മാറിക്കിട്ടിയില്ല, കിട്ടിയാലുടന്‍ നിങ്ങളുടെ പൈസ തിരിച്ച്‌ തരാം, ഉറപ്പ്‌.

നിങ്ങളിത്‌ പറയാന്‍ തുടങ്ങീട്ട്‌ നാള്‍ കൊറെ ആയി, എനിക്കെന്റെ പൈസ കിട്ടണം ഇപ്പൊ തന്നെ. ഞാന്‍ ജോലി ചെയ്തതിന്റെ കൂലിയാ, വെറുതേ ചോദിക്കുന്നതൊന്നുമല്ലല്ലോ?

പുറത്തെ മുറിയില്‍ ബക്കറിന്റെ ശബ്ദം ഉയര്‍ന്ന് കേട്ടപ്പോള്‍ സുനിതയുടെ ഉള്ളൊന്ന് പിടച്ചു. ഈശ്വരാ എന്തൊക്കെയാണോ ഇനി നടയ്ക്കാന്‍ പോകുന്നെ. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ആരിഫിനെ സൂപ്പര്‍വൈസറായും ബക്കറടക്കം മറ്റ്‌ എഴ്‌ പണിക്കാരെയും കൂട്ടി അനില്‍ ആ കോണ്ട്രാക്റ്റ്‌ വര്‍ക്ക്‌ ഏറ്റെടുത്തപ്പോള്‍ ഇനിയെങ്കിലും ഈ കടങ്ങളൊക്കെ തീര്‍ത്തിട്ട്‌ സമാധാനമായി ജീവിയ്ക്കാം എന്നൊരു പ്രതീക്ഷ ആയിരുന്നു.കമ്പനിയില്‍ നിന്ന് ലീവ്‌ എടുത്തായിരുന്നു അനില്‍ പുറത്തെ പണി ഏറ്റെടുത്തത്‌. മാനേജ്‌മന്റ്‌ അറിഞ്ഞാല്‍ ജോലി പോകും എന്നറിഞ്ഞിട്ടും ആ തീക്കളി കളിച്ചത്‌ കടം കൊണ്ട്‌ നില്‍ക്കള്ളി ഇല്ലാതായത്‌ കൊണ്ടു മാത്രം ആയിരുന്നു. പക്ഷെ കണക്ക്‌ കൂട്ടലുകളൊക്കെ പിഴച്ചു. ആദ്യത്തെ ബില്ല് മാറിക്കിട്ടിയെങ്കിലും രണ്ടാമത്തേത്‌ മാറാന്‍ ചെന്നപ്പോളൊക്കെ കമ്പനി മാനേജര്‍ ഓരോ ഒഴിവ്‌ കഴിവുകള്‍ പറഞ്ഞ്‌ അനിലിനെ മടക്കി അയച്ചു. മറ്റൊരു കമ്പനിയിലെ വര്‍ക്ക്‌ പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന അനിലിന്‌ ഒരിയ്ക്കലും നിയമപരമായി അയാളെ എതിര്‍ക്കാന്‍ കഴിയില്ലാ എന്നറിഞ്ഞ്‌ ചതിയ്ക്കുകയായിരുന്നു അയാള്‍.കിട്ടുന്ന ശമ്പളത്തില്‍ നിന്നും ഇപ്പോഴുള്ള കടങ്ങള്‍ തന്നെ തീര്‍ക്കാന്‍ കഴിയാതെ വീര്‍പ്പ്‌മുട്ടിക്കൊണ്ടിരുന്ന അനിലിന്‌ താങ്ങാനാവാത്തതായിന്നു ആ ചതി. ആദ്യമൊക്കെ സാരമില്ല പൈസ ഉള്ളപ്പോള്‍ തന്നാല്‍ മതി എന്നാശ്വസിപ്പിച്ച ആരിഫടയ്ക്കമുള്ള ജോലിയ്ക്കാര്‍ ഇപ്പോള്‍ അനിലിനോട്‌ കയര്‍ത്ത്‌ സംസാരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. അവരെ കുറ്റം പറയാന്‍ പറ്റില്ല, അന്യനാട്ടില്‍ അവര്‍ കൊടുംവെയിലത്തു കഷ്ടപ്പെട്ട്‌ ജോലി ചെയ്തതിന്റെ കൂലിയല്ലേ?

സുനിത കുഞ്ഞിനെ എടുത്ത്‌ പുറത്തെ മുറിയിലേയ്ക്ക്‌ നടന്നു.....

നിങ്ങള്‍ മര്യാദയ്ക്ക്‌ പൈസ എടുയ്ക്കുന്നുണ്ടോ? ബക്കര്‍ ദേഷ്യം കൊണ്ട്‌ വിറയ്ക്കുകയായിരുന്നു.

അനില്‍ വാതിലിന്റെ പകുതി മറവില്‍ നില്‍ക്കുന്ന സുനിതയെ നോക്കി.ആ കണ്ണുകളില്‍ സങ്കടവും നിസ്സഹായതയും അപമാനവും ഒക്കെ ഒരൊറ്റ നിമിഷത്തില്‍ മിന്നി മറയുന്നത്‌ സുനിത നിറകണ്ണുകളോടെ കണ്ടു. പെട്ടന്ന് അനില്‍ കയ്യില്‍ കിടന്ന മോതിരം ഊരി ബക്കറിന്റെ കയ്യില്‍ വെച്ചു, നിങ്ങളിതു വെച്ചോളു എന്റെ കയ്യില്‍ ഇതേ ഉള്ളിപ്പോള്‍. ബക്കറിന്റെ മുഖത്ത്‌ സന്തോഷം മിന്നിമറഞ്ഞു അയാള്‍ അത്‌ വാങ്ങി പോക്കറ്റില്‍ ഇട്ടു കൊണ്ടു ആരിഫിനോട്‌ പറഞ്ഞു ഞാന്‍ എന്റെ പൈസ വാങ്ങി ഇനി നിങ്ങളുടെ പൈസ, അതു നിങ്ങളായി നിങ്ങളുടെ പാടായി.

ഇതാ നിങ്ങളായിട്ട്‌ ഇനി വിഷമിക്കേണ്ട...ഇതും കൂടി കൊണ്ട്‌ പൊയ്ക്കൊള്ളു...സുനിത മാല ഊരി ആരിഫിന്‌ നീട്ടി...

പെങ്ങളേ...എന്താ ഈ കാണിക്കുന്നത്‌....നിങ്ങള്‍ അത്‌ കഴുത്തിലിട്‌ ...വാ ബക്കറേ ഇറങ്ങാം....ആരിഫ്‌ ബക്കറിനെയും വിളിച്ച്‌ പുറത്തേയ്ക്ക്‌ നടന്നു...

സുനിത തുണി കഴുകികൊണ്ടിരുന്നപ്പോഴായിരുന്നു കാളിംഗ്‌ ബെല്‍ ശബ്ദിച്ചത്‌..അനില്‍ വരാന്‍ സമയം ആയില്ല...മാത്രമല്ല അനിലിന്റെ കയ്യില്‍ താക്കോലും ഉണ്ട്‌ .ആരായാരിയ്ക്കൂം ഈ സമയത്ത്‌? ഇട്ടിരുന്ന ഗൗണില്‍ തന്നെ കൈ തുടച്ച്‌ സുനിത വാതിലില്‍ പതിച്ചിരിയ്ക്കുന്ന ലെന്‍സിലൂടെ നോക്കി. ആരിഫ്‌! കൂടെ ഒരാളും ഉണ്ട്‌. ഈശ്വരാ എന്താണാവോ ഇയാള്‍ ഈ സമയത്ത്‌? തുറക്കണോ വേണ്ടായോ എന്നാലോചിച്ച്‌ നിന്നപ്പോഴേക്കും അടുത്ത ബെല്‍ കേട്ടു. തുറന്നില്ലെങ്കില്‍ അകത്തെ മുറിയില്‍ നിന്നും റൂം മേറ്റ്‌ ഇറങ്ങി വരും. എന്തായാലും തുറക്കുക തന്നെ.
അനിലേട്ടന്‍ വന്നില്ലല്ലോ ...സുനിത വാതിലില്‍ പകുതി മറഞ്ഞ്‌ നിന്ന് പറഞ്ഞു.

കൊച്ചേ ഞങ്ങള്‍ നിങ്ങളെ കാണാന്‍ വന്നതാണ്‌ ആരിഫിനോടൊപ്പമുള്ള മധ്യവയസ്കന്‍ പറഞ്ഞു

എന്നെയോ?

അതേ.. അകത്തേയ്ക്ക്‌ വരാമോ?

വരൂ.. സുനിത തെല്ലൊരു ജാള്യതയോടെ സൈഡിലേയ്ക്‌ മാറി.

കുടിയ്ക്കാന്‍...
ഒന്നും വേണ്ടാ നിങ്ങള്‍ ഇരിയ്ക്കിന്‍..

എന്റെ പേര്‌ അബു, ഞാന്‍ ബക്കറിന്റെ കൊച്ചാപ്പയാണ്‌ ഇത്‌ തിരികെ തരാന്‍ വന്നതാ പിന്നെ നിങ്ങളോട്‌ ഒന്ന് സംസാരിയ്ക്കാനും....

അബുക്ക നിവര്‍ത്തിയ കൈയ്യില്‍ 'സുനിത' എന്നെഴുതിയ അനിലിന്റെ മോതിരം!സുനിത ഒന്നും മനസ്സിലാകാതെ അയാളെ മിഴിച്ചു നോക്കി.

അവന്‍ ചെറിയ പയ്യനാ, കല്യാണം കഴിഞ്ഞിട്ടില്ല അത്‌ കൊണ്ട്‌ അവനിത്‌ വെറും ഒരു മോതിരം മാത്രമാണ്‌. പക്ഷെ എനിയ്ക്കറിയാം ഇതിന്റെ വില.ഇന്നലെ ആരിഫ്‌ വന്ന് പറഞ്ഞപ്പോഴാ ഞാന്‍ എല്ലാം അറിഞ്ഞത്‌..ഞാന്‍ അല്ലാതെ വേറെ ആര്‌ പറഞ്ഞാലും അവന്‍ കേല്‍ക്കൂല്ലാന്ന് ആരിഫിന്‌ അറിയാം. പിന്നെ നിങ്ങളുടെ അച്ചന്റെ പ്രായം എനിക്കുള്ളോണ്ട്‌ പറയുവാ ഒന്നും തോന്നരുത്‌...ഇന്നലെ മോള്‍ ചെയ്തത്‌ വല്യ ഒരു തെറ്റാ .ഇത്‌ താലിമാലയാണ്‌ ഒരിയ്ക്കലും അതിങ്ങനെ ഊരി അന്യന്‌ നീട്ടരുത്‌...ഇനി ചെയ്യുമോ?

സുനിത മുഖം കുനിച്ചു അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

പെങ്ങളേ എനിയ്ക്ക്‌ വല്യ വിഷമമായി ഇന്നലെ. താലിമാല ഊരി വാങ്ങാന്‍ അത്രയ്ക്ക്‌ മനസ്സാക്ഷി ഇല്ലാത്തോരാ ഞങ്ങളെന്ന് നിങ്ങള്‍ കരുതിയല്ലൊ.. അത്‌ ബക്കര്‍ മോതിരം വാങ്ങിയത്‌ കൊണ്ടല്ലേ? അവനത്രയ്ക്ക്‌ അറിയില്ല ഇതൊന്നും.അതാ ഞാന്‍ അബുക്കയൊട്‌ പോയി പറഞ്ഞെ..

വിഷമിയ്ക്കേണ്ടാ....ബക്കറിന്റെ പൈസ ഞാന്‍ കൊടുത്തു. എന്റെ നമ്പര്‍ എഴുതിയെടുത്തോളൂ... കടമൊക്കെ തീര്‍ന്നിട്ട്‌ പൈസ ഉണ്ടാകുമ്പോ വിളിച്ചാ മതിയെന്ന് അനിലിനോട്‌ പറഞ്ഞേരെ...അബുക്ക ആശ്വസിപ്പിച്ചു...

സുനിത അബുക്കയുടെ നമ്പര്‍ കുറിച്ചെടുത്തു..

എന്നാ ഞങ്ങള്‍ ഇറങ്ങട്ടേ...അബുക്കയുടെ മുഖത്ത്‌ വെണ്‍നിലാവ്‌ പോലെ ചിരി..അത്‌ ആരിഫിലേയ്ക്കും നിറഞ്ഞു ....സുനിതയുടെ കണ്ണുകളില്‍ നന്ദിയുടെ കണ്ണുനീര്‍പ്പൂക്കളും.....

Thursday, April 26, 2007

അമ്മയുടെ മുടിയും ആമിര്‍ഖാന്റെ മീശയും :)

ഞാന്‍ ഈ മുടി വെട്ടിച്ച്‌ നീളം കുറയ്ക്കാന്‍ പോകുവാ....
ഉത്തരമൊന്നും വന്നില്ല അതിനര്‍ത്ഥം വര്‍ഷമെത്ര കഴിഞ്ഞെങ്കിലെന്താ ഇപ്പോഴും നിന്റെ നീളന്‍ മുടി തന്നെയാണ്‌ എനിയ്ക്ക്‌ ഇഷ്ടം എന്ന് തന്നെ! അതോ അതിപ്പൊ കുറയ്ക്കാനും വേണ്ടി നീളം എവിടെ ഇരിയ്ക്കുന്നു എന്നാണോ!

എത്ര മുടിയാ ഇപ്പൊ ഒന്നു ചീകുമ്പോഴേയ്ക്കും കൊഴിയുന്നേന്ന് അറിയോ?....ഇക്കണക്കിന്‌ പോയാ പൂച്ചവാല്‍ പോലെയാകും ഉടനേ (പണ്ടേ എന്റെ മുടി വെട്ടുന്നതിനോട്‌ വിരോധമുള്ളയാള്‍ക്ക്‌ അത്‌ കേട്ടെങ്കിലും ഇത്തിരി മനസ്സ്‌ മാറുമെന്ന് പ്രതീക്ഷിച്ച്‌ ഞാന്‍ ഉത്തരത്തിന്‌ കാതോര്‍ത്തു)

അത്‌ കേട്ടൊന്ന് പുഞ്ചിരിച്ചുന്നുള്ളത്‌ ഉറപ്പ്‌..ഇരുട്ടത്ത്‌ കാണാന്‍ കഴിയില്ലെങ്കിലും എനിയ്ക്കറിയില്ലേ ആ മുഖത്തെന്തായിരിയ്ക്കും ഭാവം ന്ന്. പക്ഷേ ആ പുഞ്ചിരിയുടെ അര്‍ത്ഥം സമ്മതിച്ചു എന്നാണോ അതോ ഞാന്‍ ഇതെത്ര കേട്ടിരിയ്ക്കുന്നെന്റെ ഭാര്യേന്നാണൊ?

വെട്ടട്ടേ?

അമ്മ വെട്ടിയ്ക്കൊ...മുടിയും വെട്ടീട്ട്‌ അമ്മ ആ വെട്ടിയ മുടിന്ന് ഒരു മീശേം കൂടി ഫിറ്റ്‌ ചെയ്യ്‌...അമ്മ ആമിര്‍ഖാനെ പോലെയാകും....നല്ല രസമായിരിയ്ക്കും
അശരീരി പോലെ പ്രതീക്ഷിയ്ക്കാത്ത ഒരു സ്വരം ഉയര്‍ന്നു!!! അത്‌ കേട്ട്‌ തൊട്ടടുത്തുന്ന് ഒരു പൊട്ടിച്ചിരിയും.....

എനിയ്ക്ക്‌ ഉത്തരം കിട്ടി ഇനിപ്പൊ സമാധാനമായി ഉറങ്ങാല്ലോ :)

Tuesday, April 24, 2007

അവര്‍ ഭാഗ്യവാന്മാര്‍....

കണക്കുകളും കുറ്റപ്പെടുത്തലുകളും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മുകളില്‍ കരിനിഴല്‍ വീഴ്ത്തുമ്പോള്‍......
തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഒരവസരം പോലും തരാതെ ബന്ധങ്ങള്‍ ഞെട്ടറ്റ്‌ വീഴുമ്പോള്‍...
മനസ്സ്‌ കേഴുന്നു ഒരിത്തിരി നന്മ്യ്ക്ക്‌ വേണ്ടി...
ഇന്നലെകളിലെ സ്നേഹത്തിന്‌ വേണ്ടി...
എന്നെ ഞാനാക്കിയ ബന്ധങ്ങള്‍ക്ക്‌ വേണ്ടി....
അനാഥരോട്‌ എനിയ്കിന്ന് അസൂയ തോന്നുന്നു, അവര്‍ ഭാഗ്യവാന്മാര്‍...അവര്‍ക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ...ബന്ധങ്ങളും സ്നേഹവും ഒന്നും!!

Thursday, April 12, 2007

കുഞ്ഞേ നീ ഉറങ്ങൂ...

ആയമ്മ വന്ന്‌ കാളിംഗ്‌ ബെല്‍ മുഴക്കിയത്‌ അറിയാതെ....

ആദ്യം അച്ഛനും പിന്നാലെ അമ്മയും പൊന്നുമ്മ തന്ന്‌ ജോലിയ്ക്‌ പോയത്‌ അറിയാതെ...

സ്കൂള്‍ വണ്ടി വന്ന്‌ ഹോണ്‍ അടിച്ചപ്പോള്‍ പാല്‍ ഗ്ലാസ്സ്‌ പകുതിയാക്കി ഭാരിച്ച സ്കൂള്‍ ബാഗും ചുമന്ന്‌ ചേട്ടന്‍ പാഞ്ഞത്‌ അറിയാതെ...

പകുതിയാക്കിയ പാല്‍ക്കുപ്പിയും നെഞ്ചോട്‌ ചേര്‍ത്ത്‌... കണ്മിഴികള്‍ പാതി പൂട്ടി ...മാലാഖമാരെ സ്വപ്നം കണ്ട്‌ പുഞ്ചിരി തൂകി നീ ഉറങ്ങുറങ്ങ്‌.......